തായ്മൊഴി

അഴകിന്‍റെ ശബ്ദലാവണ്യം …
പൊക്കിള്‍കൊടിയിലൂടൊഴുകിയെത്തിയ
ഹൃദയസ്പന്ദനതാളം …
വേദപുരാണങ്ങളിലുറവെടുത്ത്
രൂപക, കഥകളി, തുള്ളല്‍, ഗാഥ, വട്ടക്കളി, ചിന്ത്,
തിരുവാതിര, നാടന്‍പാട്ടുകളിലൂടൂറിയെത്തി
അനന്തമജ്ഞാതമവര്‍ണനീയമാം 
ഭൂഗോളസത്യത്തിന്‍ ഭൂപാളരാഗത്തെ
ബുദ്ധിയിലും ഭാവനയിലും സത്യത്തിലും
സ്വകീയമാക്കുന്ന അമ്മമൊഴിപ്രപഞ്ചം…
നന്മയുടെ ഇന്നലെകളെ പേറുന്ന,
ശരിയുടെ നാളെകളെ പോറ്റുന്ന
നാട്ടുചൂരിന്‍ ഹൃദയധമനി …
അമ്മമൊഴിയുടെ ശാന്തിയും
ലാവണ്യമൊഴിയുടെ കാന്തിയും നുകരാന്‍,
കാകദൃഷ്ടി, ബകധ്യാന, ശ്വാനനിദ്ര, അല്പാഹാര,
ജീര്‍ണവസ്ത്രമാം വിദ്യാര്‍ത്ഥിലക്ഷണേന
അക്ഷയാക്ഷരസാന്ദ്രോപാസനയിലേക്ക്,
വാചാലമാം ധ്വനിസാന്ദ്രതയിലേക്ക്,
അക്ഷരനഗരിതന്‍ സര്‍ഗക്ഷേത്രമാം
ചൂളപ്പറമ്പില്‍ മെത്രാന്‍ സ്മാരക കലാലയത്തിന്‍ തുടിതാളം
മലയാളത്തൊടിയിലേക്ക് സ്വാഗതം,
നിറസ്നേഹമോടെ …

വകുപ്പധ്യക്ഷന്റെ സന്ദേശം

ബി.സി.എം. കലാലയം ആരംഭിച്ച 1955 മുതല്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നതാണ് കോളേജിലെ മലയാളവകുപ്പ്. സി. റൊസാലിയാമ്മ മുതല്‍ പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ വരെയുള്ള കര്‍മ്മയോഗികളുടെ നിതാന്തജാഗ്രത്തായ ധന്യപരിശ്രമങ്ങളാല്‍ മലയാളവകുപ്പിന് ഉന്നതനിലവാരം പുലര്‍ത്താനായിട്ടുണ്ട്. ഇവര്‍ കെട്ടിപ്പൊക്കിയ ശക്തമായ അടിത്തറമേലാണ് ഈ വകുപ്പ് നിലകൊള്ളുന്നത്. ഭാരതത്തിലെ ശ്രേഷ്ഠഭാഷകളിലൊന്നും മലയാളിയുടെ മാതൃഭാഷയും കേരളത്തിന്‍റെ ഭരണഭാഷയുമായ മലയാളഭാഷയും സാഹിത്യവും അഴകോടെയും ശരിയായും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക, കോളേജില്‍ മലയാളസംസ്കാരത്തനിമ നിലനിര്‍ത്തുക, കേരളീയ സാംസ്കാരികമൂല്യങ്ങള്‍ പകര്‍ന്നുനല്കുക, തുടങ്ങിയവ ഈ വകുപ്പിന്‍റെ മുഖ്യലക്ഷ്യങ്ങളാണ്.

ഇംഗ്ലീഷ്, ചരിത്രം, ധനതത്വശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, ഗൃഹശാസ്ത്രം എന്നീ ബി.എ./ബി.എസ്.സി. പ്രോഗ്രാമുകളിലെ ഒന്നും രണ്ടും വര്‍ഷങ്ങളിലെയും വാണിജ്യശാസ്ത്രം (2),മോഡല്‍ രണ്ട് വൊക്കേഷനല്‍ ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകളിലെ ഒന്നാം വര്‍ഷത്തിലെയും വിദ്യാര്‍ത്ഥികളുള്‍പ്പെടെ 23 ക്ലാസുകളില്‍ മലയാളം ഉപഭാഷാധ്യാപനമാണ് ഈ വകുപ്പിന്‍റെ മുഖ്യദൗത്യം. ഇപ്രകാരം ഓരോ വര്‍ഷവും വകുപ്പിന്‍റെ ഭാഗമാകുന്ന അറുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഞങ്ങളുടെ സമ്പത്ത്. ഇവരെ നേരിട്ട് പഠിപ്പിക്കാന്‍ അവസരം ലഭിക്കുന്നതാണ് ഞങ്ങളുടെ കരുത്ത്. ഇവരെ ശ്രേഷ്ഠവ്യക്തികളും മികവുറ്റ പൗരരുമാക്കി മാറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരുമാണ്.

സത്യം നല്കുന്ന സ്വാതന്ത്ര്യത്തിലൂടെ (“സത്യം നിങ്ങളെ സ്വതന്ത്രരാക്കും” – യോഹന്നാന്‍ 8, 32 വകുപ്പ് ആപ്തവാക്യം) തിരച്ചറിവിന്‍റെ ആഴങ്ങളെയും ദൈവകൃപയുടെ ചക്രവാളങ്ങളെയും (“Sapientia et Gratia” – കോളേജ് ആപ്തവാക്യം) പുല്കാന്‍ ഈശ്വരാനുഗ്രഹം നേരുന്നു.

അനിൽ സ്റ്റീഫൻ
Phone No:       9446120582
ഇ-മെയിൽ: [email protected]