Varamozhi-Exhibitors
ആവര്‍ത്തനപ്രവര്‍ത്തനങ്ങള്‍
ഭാഷ, സംസ്‌കാരം, സാമ്പത്തികം തുടങ്ങിയ തലങ്ങളില്‍ വ്യക്തികളെ, പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമമെന്ന നിലയില്‍, സിനിമാ വീക്ഷണം, സംവാദം തുടങ്ങിയ ലക്ഷ്യങ്ങളോടെ മുഖ്യമായും മലയാളം സിനിമകള്‍ കേന്ദ്രീകരിച്ച് മലയാളവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
സെമസ്റ്ററിലൊരിക്കല്‍ സിനിമാപ്രദര്‍ശനവും ചര്‍ച്ചയും നടത്തുക, ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക, ആനുകാലികങ്ങളില്‍ സിനിമാ അവലോകനം എഴുതാന്‍ പരിശീലനം നല്‌കുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
മാഹേര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് 30,000/- രൂപവീതം ഓരോ വര്‍ഷവും നല്‌കി “എന്ന് നിന്റെ സ്വന്തം” എന്ന പേരില്‍ ഒരു കുട്ടിയെ പഠനത്തിന് ദത്തെടുക്കുന്നു.
വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികസനം, ഭാഷയുടെ സൗന്ദര്യവും ശക്തിയും വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പരിപാടികളില്‍ അവതാരകരായി വിദ്യാര്‍ത്ഥികളെ കെണ്ടത്തുക, അവതാരകപരിശീലനം നല്‌കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ജലപഠനം പ്രോത്സാഹിപ്പിക്കുന്നതിന് തോട്, ആറ്, കായല്‍, കടല്‍ എന്നിവയെ ബന്ധിപ്പിച്ച് കോടിമത, മണിയാപറമ്പ് എന്നിവിടങ്ങളില്‍നിന്ന് ജലഗതാഗതവകുപ്പുവക ബോട്ടില്‍ പുഴയറിവ് എന്ന പേരില്‍ നദീപഠനയാത്ര നടത്തിവരുന്നു.
കോട്ടയം നാട്ടുകൂട്ടം സംഘടനയോടു സഹകരിച്ച് മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നു.
അക്ഷരപുരസ്‌കാര പദ്ധതി
വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോളേജ് ലൈബ്രറിയുമായി ചേര്‍ന്ന് മികച്ച വായനാശീലമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 മുതല്‍ പുരസ്‌കാരം നല്‌കിവരുന്നു. ഏറ്റവുമധികം പുസ്‌തകങ്ങളും ലേഖനങ്ങളും വായിച്ച് ഡയറിയില്‍ കുറിപ്പുകള്‍ തയ്യാറാക്കുന്നവര്‍ക്കാണ് സമ്മാനം നല്‌കുന്നത്.
കേരളസംസ്‌കാരപഠനയാത്ര
കേരളസംസ്‌കാരത്തെയും ഭൂമിശാസ്‌ത്രത്തെയും സാഹിത്യകാരന്‍മാരെയും അടുത്തറിയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് കേരളസംസ്‌കാരപഠനയാത്ര എന്ന പേരില്‍ പഠനയാത്രകള്‍ മലയാളവകുപ്പ് നടത്തിവരുന്നു. പ്രഥമയാത്ര തിരുവനന്തപുരം, തോന്നക്കല്‍, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2017 ഫെബ്രുവരി 18-ാം തീയതി സംഘടിപ്പിച്ചു.
രണ്ടാം കേരളസംസ്‌കാരപഠനയാത്ര “കാടറിവ്” എന്ന പേരില്‍ തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ വനംവകുപ്പിന്റെ പ്രകൃതിപഠനശിബിരമായി 2017 നവംബര്‍ 17-19 തീയതികളിലായി സംഘടിപ്പിച്ചു.
മൂന്നാം കേരള ചരിത്രസംസ്‌കാര പഠനയാത്ര ആലപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് 2019 ഫെബ്രുവരി 23-ാം തീയതി സംഘടിപ്പിച്ചു.
നാലാം കേരളസംസ്‌കാര പഠനയാത്ര 2019 നവംബര്‍ 30-ാം തീയതി പ്രാചീനകേരളസംസ്‌കാരത്തിന്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിലേക്ക് നടത്തി. കോട്ടയ്‌ക്കാവ് സെന്റ് തോമസ് പള്ളി, ചേന്ദമംഗലം ജൂതസിനഗോഗ്, തിരുവഞ്ചിക്കുളം ക്ഷേത്രം, പാലിയത്തച്ചന്‍കൊട്ടാരം, ചേരമാന്‍ പറമ്പ്, കോട്ടപ്പുറം കോട്ട, ചെറായി ബീച്ച് എന്നിവ സന്ദര്‍ശിച്ചു.
2020- 21
കോവിഡ് കാലഘട്ടത്തില്‍ മലയാളഭാഷാ ഉച്ചാരണസഹായിയായി ഫാ. ബൈജു മാത്യു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് സഹാധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ സ്‌നേഹാക്ഷരങ്ങള്‍ എന്ന പേരില്‍ രണ്ടു ലോക്കുമെന്ററി വീഡിയോകള്‍ തയ്യാറാക്കി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നു.
https://www.youtube.com/watch?v=pYBpDY5DljQ (സ്‌നേഹാക്ഷരങ്ങള്‍ 1)
https://www.youtube.com/watch?v=pYq9Pgtng7A (സ്‌നേഹാക്ഷരങ്ങള്‍ 2)
1. സിജു സണ്ണി സിനിമ-
2. എറണാകുളം മഹാരാജാസ് കോളേജ് മുന്‍ പ്രൊഫസര്‍ ഡോ. എം.ജി. ബാബുജി “ആധുനിക മലയാള നാടകപ്രവേശിക” എന്ന വിഷയത്തില്‍ 2020 ഓഗസ്റ്റ് 5-ാം തീയതി വെബിനാര്‍ നടത്തി.
3. പാമ്പാടി കെ.ജി. കോളേജ് മുന്നദ്ധ്യാപകന്‍ പ്രൊഫസര്‍ കെ.ജി. നന്ദകുമാര്‍ “ആധുനിക മലയാളസിനിമയും തിരക്കഥയും” എന്ന വിഷയത്തില്‍ 2020 സെപ്‌റ്റംബര്‍ 15-ാം തീയതി വെബിനാര്‍ നടത്തി.
4. കാലടി സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രം അധ്യാപകന്‍ ഡോ. ജി. രഘുകുമാര്‍ “നളചരിതം ആട്ടക്കഥയ്‌ക്ക് ഒരാമുഖം” എന്ന വിഷയത്തില്‍ 2020 ഓഗസ്റ്റ് 12-ാം തീയതി വെബിനാര്‍ നടത്തി.
5. ബി.സി.എം. കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി സി. രാജലക്ഷ്‌മി “ഗോതമ്പുശില്‌പത്തിലെ പെണ്‍ശില്‌പം” എന്ന വിഷയത്തില്‍ 2021 മെയ് 17-ാം തീയതി വെബിനാര്‍ നടത്തി.
2019-20
തെക്കുംകൂര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന കോട്ടയം പട്ടണത്തിന്റെ പ്രാചീന കേന്ദ്രമായ താഴത്തങ്ങാടിയോട് ബന്ധപ്പെട്ട സാംസ്‌കാരികകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തെക്കുംകൂര്‍ സംസ്‌കാര പഠന യാത്ര എന്ന പേരില്‍ 2019 ജൂണ്‍ 23-ാം തീയതി പഠനയാത്ര സംഘടിപ്പിച്ചു. തളിയില്‍ ശിവക്ഷേത്രം, താഴത്തങ്ങാടി ജുമ മസ്‌ജിദ്, കോട്ടയം വലിയപള്ളി, ഇടയ്‌ക്കാട്ട് ഫൊറോനാപ്പള്ളി, താഴത്തുപള്ളി, താഴത്തങ്ങാടി പൈതൃകവീടുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ചു.
ബി.സി.എം. കോളേജ് സ്ഥാപകപ്രിന്‍സിപ്പാള്‍ പ്രൊഫ. വി.ജെ. ജോസഫ് കണ്ടോത്തിന്റെ 50-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്‌കാരിക വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് 2019 ജൂലൈ 23-ാം തീയതി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയുമായ അഭി. മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കേരളസംസ്ഥാന മുന്‍ ചീഫ് സെക്രട്ടറിയായ ശ്രീ. ജോസ് സിറിയക് ഐ.എ.എസ്. ഉദ്‌ഘാടനം നിര്‍വഹിച്ച് തന്റെ പിതാമഹനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു.
മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് മുന്‍ ഊര്‍ജതന്ത്ര അധ്യാപകനും കേരള നിയമസഭാംഗവും സംഘടിത മലബാര്‍ ക്‌നാനായ കുടിയേറ്റ നേതാവും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സ്ഥാപകനും പാലാ സെന്റ് തോമസ്, മൂവാറ്റുപുഴ നിര്‍മല, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എന്നീ കോളേജുകളുടെ സ്ഥാപനസഹായിയും ആയിരുന്ന പ്രൊഫ. കണ്ടോത്തിന് മാര്‍പാപ്പായില്‍നിന്ന് ഷെവലിയര്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയില്‍ പൂന കേന്ദ്രമാക്കിയുള്ള മാഹേര്‍ (അമ്മവീട്) ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകയും ഡയറക്‌ടറും സാമൂഹികപ്രവര്‍ത്തകയും ലോകത്തിലെ സ്വാധീനമുള്ള 100 വ്യക്തികളില്‍ പന്ത്രണ്ടാമതായി ഓസ്‌ട്രിയന്‍ വാരിക “ഊം” (Ooom Magazine) തെരഞ്ഞെടുത്ത (പതിമൂന്നാമതായി ദലൈലാമയും തൊട്ടുപിന്നില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും 27-ാമതായി ഗ്രേറ്റ ട്യൂന്‍ബര്‍ഗുമൊക്കെ വരുന്ന പട്ടികയില്‍) വ്യക്തിയുമായ സി. ലൂസി കുര്യന്‍ വാക്കേച്ചാലിന് 2019 ഒക്‌ടോബര്‍ 11-ാം തീയതി സ്വീകരണം നല്‌കുകയും “ആര്‍ദ്രം, ഈ അമ്മവീട്” എന്ന പേരില്‍ സെമിനാര്‍ നടത്തുകയും ചെയ്‌തു. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള അരികുവത്‌കൃതജീവിതങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണ് സിസ്റ്റര്‍ ലൂസി സെമിനാറില്‍ മുഖ്യമായും സംസാരിച്ചത്.
രാജ്യവ്യാപകമായി നടത്തിയ ഫിറ്റ് ഇന്‍ഡ്യ ക്യാംപെയ്‌നിന്റെ ഭാഗമായി “പെഡല്‍ യുവര്‍ വേ റ്റു ഫിറ്റ്‌നെസ്” എന്ന പേരില്‍ 2020 ജനുവരി 18-ാം തീയതി കോട്ടയം ജില്ലാ ഭരണകൂടത്തിന്റെയും കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെയും തെള്ളകം ഡെക്കാത്‌ലണിന്റെയും കോട്ടയം സൈക്ലിംഗ് ക്ലബിന്റെയും സഹകരണത്തോടെ ഡെക്കാത്‌ലണില്‍നിന്നും ബി.സി.എം. കോളേജിലേക്ക് സൈക്കിളില്‍ ആരോഗ്യസന്ദേശയാത്ര നടത്തി. കളക്‌ടര്‍ ശ്രീ. പി.കെ. സുധീര്‍ബാബു ഐ.പി.എസ്. യാത്ര ഫ്‌ളാഗ് ഓഫ് ചെയ്‌തു.
പ്രകൃതിസംരക്ഷണസന്ദേശവും പേറി, ഫാ. ബൈജു മാത്യുവിന്റെ നേതൃത്വത്തില്‍ 16 പേരടങ്ങുന്ന സംഘം തെള്ളകം ഡെക്കാത്‌ലണിന്റെയും ആലപ്പുഴ സൈക്ലിംഗ് ക്ലബിന്റെയും സഹകരണത്തോടെ കോട്ടയം ബി.സി.എം. കോളേജില്‍നിന്നും 60 കിലോമീറ്ററോളം അകലെയുള്ള ആലപ്പുഴ ബീച്ചിലേക്ക് കുട്ടനാടന്‍ പാടശേഖരങ്ങളിലൂടെ “കുട്ടനാടന്‍ പുഞ്ചയിലൂടെ” എന്ന പേരില്‍ 2020 ഫെബ്രുവരി 2-ാം തീയതി സൈക്കിള്‍ സവാരി നടത്തി.
നാല്‌പത്തിനാല് വിദ്യാര്‍ത്ഥിനികള്‍ അധ്യാപകരോടൊപ്പം കോട്ടയം കോടിമത ബോട്ടുജെട്ടിയില്‍നിന്നും ആലപ്പുഴ ബീച്ചിലേക്ക് 2020 ഫെബ്രുവരി 2-ാം തീയതി ബോട്ടുസവാരി നടത്തുകയും സൈക്കിളില്‍ എത്തിയവരും ഒരുമിച്ചുചേര്‍ന്ന് “ആര്‍ദ്രം, ഈ മണ്ണ്'” എന്ന പേരില്‍ ബീച്ചില്‍നിന്ന്
2018-19
ശുചിത്വസന്ദേശവും പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക, ഒന്നും പാഴല്ല എന്ന സന്ദേശം നല്‌കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ശുചിത്വമിഷന്‍, തദ്ദേശസ്ഥാപനങ്ങള്‍, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുസമൂഹം എന്നിവരെ പങ്കെടുപ്പിച്ച് ആക്രിസാധനങ്ങളും മറ്റും സമാഹരിച്ച് വിറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‌കുക എന്ന പദ്ധതി “സഹപാഠിക്കൊരു സ്‌നേഹവീട്” എന്ന പേരില്‍ നടപ്പിലാക്കി. ഇപ്രകാരം സമാഹരിച്ച 58000 രൂപ കോളേജിലെ സാമൂഹിക സേവനവിഭാഗമായ ഓജസ് ഫണ്ടിലേക്ക് കൈമാറുന്നതിനായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജോസഫീന സൈമണെ ഏല്‌പിച്ചു.
ഹരിതജീവിതശൈലി വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാസത്തിലെ അവസാന ആഴ്‌ചയിലെ മൂന്നാം പ്രവൃത്തിദിനം ഹരിതദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയും ആ ദിവസം കാല്‍നടയായോ, സൈക്കിളിലോ, പൊതുവാഹനങ്ങളിലോ കോളേജില്‍ എത്തിച്ചേരാന്‍ നിര്‍ദേശം നല്‌കുകയും ചെയ്‌തു. ഇപ്രകാരം അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിച്ചത് കോളേജില്‍ ഹരിതപ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന് സഹായകമായി.
പ്രകൃതിസംരക്ഷണദൗത്യത്തിന്റെ ഭാഗമായി സൈക്കിള്‍ യാത്രകള്‍ വിവിധ പരിപാടികളിലൂടെ പ്രോത്സാഹിപ്പിച്ചു.
2018 മെയ് മാസം 1 മുതല്‍ 8 വരെ തീയതികളില്‍ ഫാ. ബൈജു മാത്യു ഒറ്റയ്‌ക്ക് ചെന്നൈ മൈലാപ്പൂരിലേക്ക് “പെഡല്‍ ഫോര്‍ നേച്ച്വര്‍” എന്ന പേരില്‍ സൈക്കിള്‍ യാത്ര നടത്തി. തെള്ളകം ഡെക്കാത്ത്‌ലണിന്റെയും വിവിധ സൈക്ലിംഗ് ക്ലബ്ബുകളുടെയും സഹകരണത്തോടെ കുമരകം ടാജിലേക്ക് കോളേജിലെ 12 വിദ്യാര്‍ത്ഥിനികളുമായി സൈക്കിള്‍ സഞ്ചാര അവബോധ യാത്ര 2019 ഫെബ്രുവരി 24-ാം തീയതി സംഘടിപ്പിച്ചു. വനിതാദിനത്തോടനുബന്ധിച്ച് “വീലോളം പെണ്‍മ” എന്ന പേരില്‍ കോട്ടയത്തുനിന്ന് ആലപ്പുഴയ്‌ക്ക് പതിനഞ്ച് വിദ്യാര്‍ത്ഥിനികളുമായി സൈക്കിള്‍ സവാരി 2019 മാര്‍ച്ച് 9-ാം തീയതി സംഘടിപ്പിച്ചു.
ഫാ. ഡേവിസ് ചിറമേല്‍ മുന്നോട്ടുവച്ച ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍ എന്ന വെല്ലുവിളി സ്വീകരിച്ചുകൊണ്ട് മലയാളവിഭാഗാധ്യാപകരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണവും സംസ്‌കരണവും ലക്ഷ്യമാക്കി കോളേജ് ക്യാംപസിനുള്ളിലും കോട്ടയം നഗരത്തിലുംനിന്ന് 100 കിലോയോളം പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് എസ്.എച്ച്. മൗണ്ടിലുള്ള സംഭരണസമാപനയോഗസ്ഥലത്ത് എത്തിച്ച് ഫാ. ചിറമ്മേലിന് കൈമാറി.
മഹാനായ കേരളനാടകപപ്രവര്‍ത്തകന്‍ ശ്രീ. സി.ജെ. തോമസിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച് 2018 ഒക്‌ടോബര്‍ 31-ാം തീയതി “1+1=0” എന്ന പേരില്‍ അനുസ്‌മരണപ്രഭാഷണം സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജ് റിട്ട. പ്രൊഫ. ഡോ. എം.ജി. ബാബുജി പ്രഭാഷണം നടത്തി.
2017-18
പുരാതനപ്പാട്ടുകളുടെ അച്ചടിയില്‍ മുഖ്യ പങ്കുവഹിച്ച ബഹു. മാത്യു വട്ടക്കളത്തിലച്ചന്റെ ചരമശതാബ്‌ദിയോടനുബന്ധിച്ച് 2017 ഓഗസ്റ്റ് 24 മുതല്‍ 26 വരെ “മലയാളത്തെ സുറിയാനി ക്രിസ്‌ത്യാനികളുടെ പുരാതനപ്പാട്ടുകള്‍: നാടോടി വിജ്ഞാനീയപഠനത്തിലൂടെ” എന്ന പേരില്‍ അന്താരാഷ്‌ട്രസെമിനാര്‍ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ സെമിനാറും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത സമാപന സമ്മേളനവും ഉദ്‌ഘാടനം ചെയ്‌തു. സെമിനാറിന്റെ ഭാഗമായി 29 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ക്‌നാനായരംഗകലാസന്ധ്യയും പൈതൃകഭോജനവും സംഘടിപ്പിച്ചു.
സാഹിത്യകാരന്‍മാരെ പരിചയപ്പെടുന്നതിനും അവരുമായി സംവദിക്കുന്നതിനും വേദിയൊരുക്കിക്കൊണ്ട് വായനാദിനത്തോടനുബന്ധിച്ച് 2017 ജൂണ്‍ 20-ാം തീയതി കൂട്ടായ്‌മ ആദ്യമായി സംഘടിപ്പിച്ചു. കൂട്ടായ്‌മയില്‍ പങ്കെടുത്ത സാഹിത്യകാരന്‍മാര്‍: ശ്രീ. അയ്‌മനം ജോണ്‍, ഡോ. എസ്. ജോസഫ്, ഡോ. എം.ജി. ബാബുജി, ഡോ. ബി. കേരളവര്‍മ, ബാബു സക്കറിയ, ഡോ. റ്റീന ജോസ്
ചെമ്പകച്ചോട്ടില്‍ ചായവട്ടം കൂട്ടായ്‌മയുടെ ഭാഗമായി ഇടനാഴിയിലെ കാലൊച്ചകള്‍ എന്ന പേരില്‍ നടത്തിയ രണ്ടാം സാഹിത്യസംഗമം 2018 ഡിസംബര്‍ 13-ന് സംഘടിപ്പിച്ചു. നോവലിസ്റ്റ് ശ്രീ. ഷാജി വേങ്കടത്ത്, കവി ഡോ. എം.ജി. ബാബുജി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
ചെമ്പകച്ചോട്ടില്‍ ചായവട്ടം കൂട്ടായ്‌മയുടെ ഭാഗമായി “മധു കയ്‌പാണ്” എന്ന പേരില്‍ നടത്തിയ മൂന്നാം സാഹിത്യസംഗമം 2017 മാര്‍ച്ച് 19-ന് സംഘടിപ്പിച്ചു. കവികളായ ശ്രീ. എസ്. കണ്ണന്‍, ശ്രീ. എം.ആര്‍. രേണുകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
പൈതൃകം പ്രദര്‍ശനം
കേരളസംസ്‌കാരത്തെ പുതുതലമുറയ്‌ക്കു പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളപ്പിറവിദിനത്തില്‍ കാര്‍ഷിക, ഗാര്‍ഹിക ഉപകരണങ്ങളുടെ പ്രദര്‍ശനവും കൊയ്‌ത്തുപാട്ട് മത്സരവും ഇലക്കറികളുടെ മത്സരവും സംഘടിപ്പിച്ചു.
പൈതൃകം പ്രദര്‍ശനത്തോടനുബന്ധിച്ച് നാടന്‍ പാചകങ്ങള്‍ പരിചയപ്പെടുന്നതിന്റെ ഭാഗമായി ഇലക്കറികളുടെ മത്സരം സംഘടിപ്പിച്ചു.
പൈതൃകം പ്രദര്‍ശനത്തിന്റെ ഭാഗമായി കാര്‍ഷികസംസ്‌കാരസ്‌മൃതികള്‍ ഉണര്‍ത്തി കൊയ്‌ത്തുപാട്ട് മത്സരം സംഘടിപ്പിച്ചു.
പ്രബന്ധസംഗ്രഹം: “മലയാളത്തെ സുറിയാനി ക്രിസ്‌ത്യാനികളുടെ പുരാതനപ്പാട്ടുകള്‍: നാടോടി വിജ്ഞാനീയപഠനത്തിലൂടെ”
അന്താരാഷ്‌ട്രസെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സംഗ്രഹം “മലയാളത്തെ സുറിയാനി ക്രിസ്‌ത്യാനികളുടെ പുരാതനപ്പാട്ടുകള്‍: നാടോടി വിജ്ഞാനീയപഠനത്തിലൂടെ” എന്ന പേരില്‍ പുസ്‌തകമായി പ്രസിദ്ധീകരിച്ചു. 2017 ഓഗസ്റ്റ് 24-ാം തീയതി അന്താരാഷ്‌ട്രസെമിനാര്‍ ഉദ്‌ഘാടനവേളയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പ്രകാശനം ചെയ്‌തു.
കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ രചിച്ച 40 മഴക്കവിതകളുടെ സമാഹാരമായ �വര്‍ഷരാഗം� 2017 ഓഗസ്റ്റ് 24-ാം തീയതി അന്താരാഷ്‌ട്രസെമിനാര്‍ ഉദ്‌ഘാടനവേളയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പ്രകാശനം ചെയ്‌തു.
മഴക്കവിതകളുടെ ഹസ്‌തലിഖിതഗ്രന്ഥം “വര്‍ഷരാഗം പെയ്‌തൊഴിയാതെ” എന്ന പേരില്‍ 2017 ഡിസംബര്‍ 13-ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബെറ്റ്‌സി എസ്.വി.എം. ശ്രീ. ഷാജി വേങ്കടത്തിന് നല്‌കിക്കൊണ്ട് പ്രകാശനം ചെയ്‌തു.
കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച ഇലക്കറികളുടെ പാചകക്കുറിപ്പുകള്‍ ശേഖരിച്ച് “രുചിയുടെ ഇലത്താളം” എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹസ്‌തലിഖിതഗ്രന്ഥം 2018 മാര്‍ച്ച് 19-ാം തീയതി ശ്രീ. എസ്. കണ്ണന് നല്‌കിക്കൊണ്ട് ശ്രീ. എം.ആര്‍. രേണുകുമാര്‍ പ്രകാശനം ചെയ്‌തു.
യന്ത്രസഹായത്തോടെ വനിതകള്‍ക്ക് തെങ്ങില്‍ കയറാനുള്ള ഒരാഴ്‌ച നീണ്ടുനിന്ന പരിശീലനം കേരളത്തില്‍ ആദ്യമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹായത്തോടെ മലയാളവകുപ്പ് മേധാവി പ്രൊഫ. അനില്‍ സ്റ്റീഫന്റെ നേതൃത്വത്തില്‍ ബിസിഎം കോളേജില്‍ സംഘടിപ്പിച്ചു.
2016-17
2016 ജൂണ്‍ 17-ാം തീയതി സംഘടിപ്പിച്ചു. സഞ്ചാരങ്ങള്‍ക്കൊടുവില്‍ എന്ന നോവല്‍ അടക്കം രചിച്ച വ്യക്തിയും കോളേജ് മുന്‍ പ്രൊഫസറുമായ റവ. ഡോ. തോമസ് എം. കോട്ടൂര്‍ ഉദ്‌ഘാടനം ചെയ്‌തു.
പ്രശസ്‌ത സാഹിത്യകാരന്‍ കാവാലം നാരായണപ്പണിക്കരുടെ മരണത്തോട് ബന്ധപ്പെടുത്തി 2016 ജൂണ്‍ 29-ാം തീയതി കാവാലം അനുസ്‌മരണസമ്മേളനം സംഘടിപ്പിച്ചു. സാഹിത്യകാരനും മഹാരാജാസ് കോളേജ് റിട്ട. മലയാളം പ്രൊഫസറുമായ ഡോ. എം.ജി. ബാബുജി അനുസ്‌മരണപ്രഭാഷണം നടത്തി.
താളിയോല സംരക്ഷണയത്‌നത്തിന്റെ ഭാഗമായി കോട്ടയം പ്രദേശങ്ങളിലുള്ള താളിയോലകളുടെ സമാഹരണവും സംരക്ഷണവും പ്രദര്‍ശനവും ലക്ഷ്യമാക്കി തിരുവനന്തപുരം ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് മാനുസ്‌ക്രിപ്‌റ്റ്‌സ് ലൈബ്രറിയുമായി സഹകരിച്ച് 2016 ഓഗസ്റ്റ് 25-ാം തീയതി മുതല്‍ 30-ാം തീയതിവരെ കോളേജില്‍വച്ച് ശില്‌പശാല സംഘടിപ്പിച്ചു. താളിയോല ഗ്രന്ഥങ്ങളുടെയും ചുരുണകളുടെയും പ്രദര്‍ശനവും താളിയോല സംരക്ഷണത്തില്‍ തത്‌പരരായ വ്യക്തികളുടെ കൂട്ടായ്‌മയും നടത്തി. 10 വിദ്യാര്‍ത്ഥികള്‍ക്ക് താളിയോലസംരക്ഷണപരിശീലനം നല്‌കി.
നവംബര്‍ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്റ്റാഫിനും വിദ്യാര്‍ത്ഥികള്‍ക്കുമായി നാടന്‍പാചകമത്സരവും നാട്ടറിവ് പ്രഭാഷണവും സംഘടിപ്പിച്ചു. ശ്രീ. ഗോപു എന്‍. നട്ടാശ്ശേരി പ്രഭാഷണം നടത്തി.
കേരളസംസ്‌കാരപഠനയാത്ര
കേരളസംസ്‌കാരത്തെയും സാഹിത്യകാരന്‍മാരെയും അടുത്തറിയുന്നതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് മലയാളവകുപ്പ് നടത്തുന്ന പഠനയാത്രകളിലെ പ്രഥമയാത്ര തിരുവനന്തപുരം, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2017 ഫെബ്രുവരി 18-ാം തീയതി സംഘടിപ്പിച്ചു.
പുരാതനപ്പാട്ടുകളുടെ സംരക്ഷണത്തിലും അച്ചടിയിലും വലിയ പങ്കുവഹിച്ചിട്ടുള്ള ബഹു. മാത്യു വട്ടക്കളത്തിലച്ചന്റെ ചരമദിനത്തോടനുബന്ധിച്ച് 2016 ഓഗസ്റ്റ് 25-ാം തീയതി സംഘടിപ്പിച്ച സമ്മേളനത്തില്‍ റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ ആയ ബഹു. ഡോ. സണ്ണി കൊക്കരവാലയില്‍ അനുസ്‌മരണപ്രഭാഷണം നടത്തി.
2015-16
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നാക് തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഓര്‍മക്കുറിപ്പുകള്‍.
കോളേജിന്റെ 60-ാം വാര്‍ഷികം പ്രമാണിച്ച് കോളേജ് ലെഗസിയെക്കുറിച്ച് തയ്യാറാക്കിയ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഡോക്കുമെന്ററി.
2014-15
കോളേജില്‍നിന്ന് വിരമിക്കുന്ന അധ്യാപക, അനധ്യാപകര്‍ക്കുള്ള സ്‌നേഹോപഹാരമായി 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഡോക്കുമെന്ററി.
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ബി.സി.എം. കോളേജ് അനുബന്ധിയായ ഓര്‍മക്കുറിപ്പ്.